ഒരു നഴ്സിന്റെ ചിന്തോദ്വീപകമായ കുറിപ്പ് വായിക്കുക ….
ജാതകം

“വർഷങ്ങളായുള്ള അടുപ്പമാണ് ചേച്ചീ ഞങ്ങൾ തമ്മിൽ. വേറെ ജാതിയിൽ പെട്ടവരായിട്ട് കൂടി ഞങ്ങളുടെ വീട്ടുകാർ കല്യാണത്തിന് എതിർത്തില്ല. ഏറ്റവും ഭാഗ്യവാന്മാർ ഞങ്ങളാണെന്നാ ഞാൻ കരുതിയിരുന്നത്.” അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ധാരധാരയായി ഒഴുകിക്കൊണ്ടിരുന്നു.
“അതിനിപ്പോ എന്താ സംഭവിച്ചത്…? നീ കാര്യം പറ…”
“ജാതകം ചേർന്നില്ല ചേച്ചീ…” ഗദ്ഗദത്തോടെ ഇത്രയും പറഞ്ഞ് അവൾ ഡെസ്കിന്മേൽ തല വെച്ച് നിശബ്ദം കരഞ്ഞു.
“എന്തിനെ ജാതകം നോക്കാൻ പോയേ? സ്നേഹിച്ചത് ജാതകം നോക്കിയായിരുന്നോ?” എന്റെ ശബ്ദത്തിൽ ഇത്തിരി കടുപ്പം ഉണ്ടായിരുന്നത് കൊണ്ടാവണം അവൾ തുടർന്നു.
ഒരു ചടങ്ങിന് വീട്ടുകാർ നോക്കിപ്പിച്ചതാ… ഞങ്ങളുടെ വിവാഹം നടന്നാൽ അവന് അൽപ്പായുസ്സാണത്രെ… എനിക്ക് അറിയില്ല ഞാനിനി എന്താ ചെയ്യേണ്ടത് എന്ന്. അവൻ പറയുന്നു അതൊന്നും കാര്യമാക്കേണ്ട എന്ന്. പക്ഷെ ഇപ്പൊ രണ്ടു വീട്ടുകാർക്കും സമ്മതമല്ല. എനിക്കും പേടിയാ… ഞാൻ കാരണം അവനൊന്നും വരരുത്…ഒരു പത്തു മിനിറ്റ് കഴിഞ്ഞു ഞാൻ ജനിച്ചിരുന്നെങ്കിൽ…” അവൾ ഏങ്ങലടിച്ചു കരഞ്ഞു. എന്താണ് പറയേണ്ടത് എനിക്കറിയില്ലായിരുന്നു .
പത്തു മിനിറ്റ് കഴിഞ്ഞാണ് ജനിച്ചതെങ്കിൽ അവളുടെ ജന്മ നക്ഷത്രം മാറുമായിരുന്നത്രേ… ജാതകം മാറുമായിരുന്നത്രേ…
ദൈവമേ….!!!
വർഷങ്ങൾക്ക് മുൻപ് ഏഷ്യയിൽത്തന്നെ ഏറ്റവും കൂടുതൽ ഡെലിവറി നടക്കുന്ന ലേബർ റൂമിൽ ജോലി ചെയ്ത കാലത്തേക്ക് എൻറെ മനസ്സ് അറിയാതെ ഒന്ന് എത്തിനോക്കി.
ലേബർ റൂമിനുള്ളിലുള്ള ബേബിസ് റൂമിൽ ആയിരുന്നു എനിക്ക് കൂടുതലും പോസ്റ്റിങ്ങ് കിട്ടാറ്. ഡെലിവറി കഴിഞ്ഞ എല്ലാ കുട്ടികളെയും നേരെ ബേബിസ് റൂമിലേക്ക് ആണ് കൊണ്ടുവരിക. വൃത്തിയാക്കൽ പൊക്കിൾകൊടി കട്ട് ചെയ്യൽ എന്ന് വേണ്ട മരിച്ചെന്ന് തോന്നുന്ന കുട്ടികളെ ജീവിപ്പിച്ചെടുക്കൽ വരെ അവിടെയുള്ള നഴ്സുമാരുടെയും ശിശുരോഗവിഭാഗം ഡോക്ടറുടെയും പണിയാണ്. ലേബർ റൂമിലും എമർജൻസി ഓപ്പറേഷൻ തീയേറ്ററിലും, മേജർ ഓപ്പറേഷൻ തീയേറ്ററിലും പോയി കുട്ടിയെ റിസീവ് ചെയ്യുന്ന ബേബീസ് റൂമിലെ നേഴ്സ് ആണ് ബർത്ത് ടൈം എഴുതുന്നതും.
ഒരിക്കൽ എമർജൻസി തീയേറ്ററിൽ നിന്ന് ബെല്ല് വന്നപ്പോ കുട്ടിയെ റിസീവ് ചെയ്യാൻ പോവാൻ ബേബീസ് റൂമിൽ വേറെ ആളില്ല. എന്റെ കയ്യിൽ ആണെങ്കിൽ അപ്പൊ ലേബർ റൂമിൽ നിന്ന് കൊണ്ടുവന്ന വേറൊരു കുട്ടി ഉണ്ട്. ഞാൻ കുട്ടിയെ ഡ്രൈപ് ചെയ്ത് കോർഡും കട്ട് ചെയ്ത് വെയിറ്റ് നോക്കി ഡോക്ടറെ ഏൽപ്പിച്ചു, വേറെ ഒരു ഗ്ലൗവ്സും ടവ്വലും കൊണ്ട് തീയേറ്ററിലേക്ക് ഓടി. ഡോർ തുറന്നപ്പോഴേ കേൾക്കുന്നത് “എവിടെ… ബേബിയെ റിസിവ് ചെയ്യാനാരും ഇല്ലേ? അസ്ഫിക്സിയ ആണ്” എന്നൊക്കെയുള്ള ഡോക്ടറുടെ കരച്ചിലാണ്..ബേബി ഡോക്ടറുടെ കയ്യിൽ തലകുത്തനെ തൂങ്ങി കിടക്കുന്നു. സക്ഷൻ ചെയ്ത് മെക്കോണിയം (മഷി) എടുക്കാൻ ശ്രമം നടക്കുന്നുണ്ട്. ഞാൻ ചെന്ന് കാർമുകിൽ വർണ്ണനായ കുഞ്ഞിനെ കയ്യിൽ വാങ്ങി ബേബീസ് റൂമ് ലക്ഷ്യമിട്ട് ഓടി…! വരാന്തയിൽ നിന്നേ ഞാൻ വിളിച്ചു പറഞ്ഞു…മെക്കോണിയം ആണേ..അസ്ഫിക്സിയ…സൈനോസിസ്…(കണ്ടിഷൻ വളരെ മോശം) ആരൊക്കെയോ ഓടി വന്നു. പിന്നെ ഒരു യുദ്ധം… ഒടുവിൽ അവൻ കരഞ്ഞു. നീല നിറം കുറഞ്ഞു കുറഞ്ഞു വന്നു. പിങ്ക് നിറമായി. എല്ലാവരും റീലാക്സഡ് ആയി. അങ്ങനെ ഞാൻ കേസ് ഷീറ്റ് പൂരിപ്പിക്കാൻ തുടങ്ങി. അപ്പോഴല്ലേ ആ നഗ്നസത്യം എനിക്ക് മനസിലായത്… ഞാൻ ജനന സമയം നോക്കിയിട്ടില്ല….! ദൈവമേ…എന്ത് ചെയ്യും? അയ്യോ… ലേബർ റൂമിൽ നിന്ന് കൊണ്ടുവന്ന കുട്ടിയുടെ ബർത്ത് ടൈം എത്രയായിരുന്നു…?
തലക്ക് കയ്യും കൊടുത്ത് ഞാൻ ഇരിക്കുന്നത് കണ്ട ബേബീസ്റുമിലെ ഡോക്ടർക്ക് കാര്യം പിടികിട്ടി. അങ്ങേരു പറഞ്ഞു… “എന്റെ സിസ്റ്ററെ…ഒരു മുക്കാൽ മണിക്കൂറു മുമ്പത്തെ സമയം ഇട്. സമയവും നോക്കി നിങ്ങളവിടെ നിന്നിരുന്നെങ്കിൽ ജാതകം എഴുതിക്കാൻ ഇവൻ ജീവനോടെ കാണില്ലായിരുന്നു !” എന്ന്. അതൊരു ശരിയാണല്ലോ… അങ്ങനെ അവനും അവന്റെ മുന്നത്തവൾക്കും ഞാൻ ഒരു ഊഹത്തിൽ സമയം എഴുതി. ഈ കാര്യം പറഞ്ഞപ്പോൾ എന്റെ ഒരു സുഹൃത്ത് പറഞ്ഞത് അവൾ നിന്ന് കിടക്കുന്ന ക്ലോക്കിലെ സമയം നോക്കി എഴുതിയതും, എല്ലാം കഴിഞ്ഞു ചായയും കുടിച്ചു വന്നപ്പോഴും അതെ സമയം കണ്ടപ്പൊഴാ അക്കിടി മനസിലായതെന്നും ആണ്. അതും കഴിഞ്ഞു നോക്കിയപ്പോളാണ് വേറെയൊരു കാര്യം ശ്രദ്ധയിൽ പെട്ടത്… ലേബർ റൂമിലും തീയേറ്ററുകളിലും എല്ലാം ഉള്ള പല ക്ലോക്കുകളിലും പല സമയമാണ്….!
ഈ സമയം നോക്കിയല്ലേ ജാതകം കുറിക്കുന്നത്…?!
ആ ജാതകമല്ലേ എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നത്….
എന്റീശ്വരാ… ഞാൻ സമയമെഴുതിയവരുടെ ജാതകങ്ങളൊന്നും കല്യാണ പ്രായത്തിൽ ചൊവ്വെലും ശനിയിലും എത്തല്ലേ…
🌎
……………………
✍ടിൻ്റു ഗിരീഷ്
……………………