ഹോമിയോപ്പതി: അനുഭവങ്ങൾ, പാളിച്ചകൾ – Dr. Vaisakhan Thampi (Article)

എനിക്ക് സ്കൂൾ കാലത്ത് ആസ്ത്മ കൊണ്ടുള്ള ബുദ്ധിമുട്ടുകൾ സ്ഥിരമായിട്ടുണ്ടായിരുന്നു. അസുഖം വരുമ്പോൾ അടുത്തുള്ള ആശുപത്രിയിൽ പോയി മരുന്ന് കഴിക്കും, മാറും. തിയോ അസ്താലിൻ എന്നൊരു സിറപ്പായിരുന്നു ആശ്രയം. അത് കഴിച്ചാൽ ശ്വാസം മുട്ട് നിൽക്കും. പക്ഷേ കുറേ നാൾ കഴിയുമ്പോൾ പിന്നേം വരും. അപ്പോഴാണ് നാട്ടിലെ ഏതോ ഒരു പണ്ഡിതവ്യക്തി അച്ഛന് ഉപദേശം നൽകിയത്, ഹോമിയോപ്പതിയിൽ ആസ്ത്മ പൂർണമായും മാറ്റുന്ന മരുന്ന് ഉണ്ടത്രേ. മാത്രമല്ല, അലോപ്പതി ലക്ഷണങ്ങളെ ചികിത്സിക്കുമ്പോൾ ഹോമിയോപ്പതി രോഗത്തെ വേരോടെ പിഴുതെറിയുമത്രേ.

കേട്ടപ്പോൾ അച്ഛനും, പിന്നെ എനിക്കും തോന്നിയ മതിപ്പ് ചില്ലറയല്ല. രോഗത്തെ വേരോടെ പിഴുതെടുക്കുമെങ്കിൽ പിന്നെ എന്തിന് രണ്ടാമതൊന്ന് ആലോചിക്കണം! ഉടൻ പോയി ഹോമിയോ ഡോക്ടറുടെ അടുത്ത്. അദ്ദേഹം വിശദമായി പരിശോധിച്ചു. പരിശോധന എന്നാൽ ചോദ്യം ചോദിക്കലാണ് പ്രധാന പരിപാടി. ഇഷ്ടപ്പെട്ട ആഹാരം, ദിനചര്യ, എന്നിങ്ങനെ എല്ലാം വിവരങ്ങളും വിശദമായി ചോദിച്ചറിഞ്ഞു. തന്ന മരുന്ന് കണ്ടപ്പോൾ ബഹുസന്തോഷം. മറ്റ് ഡോക്ടർമാർ തന്നപോലത്തെ കയ്പ്പൻ ഗുളികയോ മണമടിച്ചാൽ മനംമറിക്കുന്ന ടോണിക്കോ ഒന്നുമല്ല, നല്ല മധുരമുള്ള മുട്ടായികളാണ്. ചാരായത്തിന്റെ മണവും. നീല, പച്ച, ചുവപ്പ് നിറമുള്ള അടപ്പുകളുള്ള ഭംഗിയുള്ള വെള്ളക്കുപ്പികളിൽ അവയങ്ങനെ അടുക്കിത്തരും. ആഹാരത്തിൽ എന്തൊക്കെയോ ഒഴിവാക്കണം എന്ന് അച്ഛനോട് പറഞ്ഞുകൊടുത്തു. ചായയും കാപ്പിയും ഒഴിവാക്കണമെന്ന് എന്നോടും പറഞ്ഞു. വീട്ടിലെത്തിയപ്പോൾ തന്നെ ആശ്വാസം തോന്നി. അന്ന് ആസ്ത്മ വന്നില്ല. ഒരാഴ്ച കൂടി വന്നില്ല. അത് കഴിഞ്ഞ് പിന്നേം തഥൈവ. അപ്പോ നാട്ടിലെ ഹോമിയോ അനുഭവസ്ഥരെല്ലാം പറഞ്ഞു, ഹോമിയോ മരുന്ന് പതിയെ മാത്രമേ ഫലിക്കൂ. കുറച്ചുകാലം കൂടി ക്ഷമിച്ചു. പക്ഷേ അന്ന് ശ്രദ്ധിക്കാത്ത ഒരു കാര്യം ഇന്നിത് എഴുതുമ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത്. പതിയേ ഫലിക്കുന്ന ഹോമിയോ മരുന്ന് തന്ന ഡോക്ടറെ കണ്ട് വീട്ടിലെത്തിയ അന്ന് മുതൽ ഒരാഴ്ചത്തേയ്ക്ക് എനിക്ക് ആസ്ത്മ വന്നില്ല എന്നത് വ്യക്തമായി ഓർമയുണ്ട്. ഫലം, സാവധാനത്തിലല്ല, നല്ല വേഗതയിലാണ് ഉണ്ടായത്. പക്ഷേ അധികനാൾ നീണ്ടില്ല എന്നേയുള്ളൂ. പിന്നേം പോയി അതേ ഡോക്ടറെ കണ്ടു. മരുന്ന് കുറച്ചുദിവസം കൂടി തുടരാൻ പറഞ്ഞു. തുടർന്നു. പക്ഷേ അസുഖം പോയില്ല. അതെന്റെ ഓർമ്മയിലെ ആദ്യത്തെ ഹോമിയോ അനുഭവമായിരുന്നു. അതിന് മുൻപ് കുഞ്ഞുപ്രായത്തിൽ പനിക്കോ മറ്റോ എന്നെ കൊണ്ടുപോയിട്ടുണ്ടെന്നാണ് കേട്ടിട്ടുള്ളത്.

അതെന്തായാലും എന്റെ ആസ്ത്മയും കൊണ്ട് പല പല ചികിത്സകരുടെ അടുത്ത് പോയി ആധുനികവൈദ്യുവും ആയുർവേദവും ഹോമിയോയും നാട്ടുവൈദ്യവും ഒക്കെ മാറി മാറി പരീക്ഷിച്ചു. പലരുടേയും മുഖം പോലും ഓർക്കുന്നില്ല എങ്കിലും രണ്ട് പേരെ ഓർക്കുന്നുണ്ട്.

ഒന്ന്, ഞാൻ കാണുന്ന മൂന്നാമത്തെ ഹോമിയോ ഡോക്ടറാണ്. എന്റെ മൂക്കിന്റെ പാലത്തിന് വളവുണ്ടെന്നും അതിനുള്ളിൽ എന്തോ മാംസഭാഗം വളർന്ന് നില്പുണ്ടെന്നും എത്രയും വേഗം അത് മുറിച്ചുമാറ്റണമെന്നും പുള്ളി പറഞ്ഞു. അതിന് ഏതെങ്കിലും ENT സ്പെഷ്യലിസ്റ്റിനെ കാണണം എന്ന് ഉപദേശിച്ചു. അന്ന് തീരെ വിവരമില്ലാത്ത പ്രായമാണ്. ഹോമിയോയും ആധുനിക വൈദ്യവും ഒക്കെ ഒരേ പ്രോഡക്റ്റിന്റെ പല ബ്രാൻഡുകളാണെന്ന മണ്ടൻ ധാരണയുമായി നടക്കുന്ന കാലം. അങ്ങനെ ഒരു ഹോമിയോ ഡോക്ടറുടെ നിർദ്ദേശപ്രകാരം വീട്ടിൽ നിന്നും പത്തിരുപത് കിലോമീറ്റർ മാറി പട്ടണത്തിലെ ഒരു ENT ഡോക്ടറെ കാണാൻ ചെന്നു. മൂക്കിലെ മുഴ മുറിക്കണം എന്ന ആവശ്യവുമായിട്ടാണ് ഞങ്ങൾ പോകുന്നത്. മൂക്കിനുള്ളിൽ മുഴയുണ്ടെന്നും അത് മുറിക്കേണ്ടതാണെന്നും ഉറപ്പിച്ചിട്ടുള്ള പോക്കാണ്. ഡോക്ടർ ചിരിച്ചുകൊണ്ട് ശകാരഭാവത്തിൽ ‘ഇതൊക്കെ നിങ്ങളങ്ങ് ഉറപ്പിച്ചാലെങ്ങനാ?’ എന്നാണ് ആദ്യം ചോദിച്ചത്. വേറൊരു ഡോക്ടർ പറഞ്ഞുവിട്ടതാണ് എന്ന് പറഞ്ഞപ്പോൾ പുള്ളി ടോൺ മാറ്റി ഉപദേശസ്വരത്തിൽ കാര്യം പറഞ്ഞു. മൂക്കിന്റെ പാലത്തിന് വളവുള്ളവരിൽ സ്വാഭാവികമായി കാണപ്പെടുന്ന ഒന്നാണ് ഞാൻ മുറിക്കണമെന്ന ആവശ്യവുമായി ചെന്ന ആ മുഴ പോലത്തെ സാധനം. സാധാരണ ഗതിയിൽ അത് നീക്കം ചെയ്യേണ്ട ആവശ്യമൊന്നും ഇല്ല. അതും ആസ്ത്മയുമായി ബന്ധമുണ്ടാകാനും സാധ്യതയില്ല. എന്റെ അന്നത്തെ പ്രായം പരിഗണിക്കുമ്പോൾ അത് മുറിക്കുന്നതിനെപ്പറ്റി ചിന്തിക്കുക പോലും വേണ്ട എന്നുപറഞ്ഞ് അദ്ദേഹം ഞങ്ങളെ മടക്കി അയച്ചു. ആ ഹോമിയോ ഡോക്ടറുടെ അടുത്ത് പിന്നെ പോയില്ല. ചായയും കാപ്പിയും ഒഴിവാക്കണമെന്ന് ആളും ഉപദേശിച്ചിരുന്നു. ഈ സംഭവത്തോടെ ഞാൻ പിന്നേം ചായകുടി തുടർന്നു.

കുറേ കാലം കൂടി ഇടക്കിടെ വന്നുപോയ്ക്കൊണ്ടിരുന്ന ആസ്തമ സഹിച്ചു. ഞാനൊരു നിത്യരോഗിയായിപ്പോകുമോ എന്ന ഭയം അച്ഛന് വന്നുതുടങ്ങിയപ്പോഴാണ് കൂടുതൽ വലിയ മേച്ചിൽപ്പുറങ്ങൾ തേടാൻ തുടങ്ങിയത്. അങ്ങനെ ഞങ്ങൾ പങ്കജകസ്തൂരി ഫെയിം പത്മശ്രീ ഡോക്ടറെ കാണാൻ തീരുമാനിച്ചു. വലിയ പ്രതീക്ഷയുമായി അദ്ദേഹത്തിന്റെ ആശുപത്രിയിൽ പോയി, അപ്പോയിൻമെന്റ് അനുസരിച്ച് കൺസൾട്ടേഷന് കേറി. ഡോക്ടറുടെ മുന്നിൽ രണ്ട് മെഡിക്കൽ വിദ്യാർത്ഥികൾ ഇരിപ്പുണ്ടായിരുന്നു. ഞങ്ങളുമിരുന്നു. ‘ഇവന് കുറേ നാളായി ശ്വാസം മുട്ടൽ മാറാതെ നിൽക്കുന്നു’ എന്ന് അച്ഛൻ പറഞ്ഞു. പുള്ളി ഒരു അര ചിരി ചിരിച്ച് കൈപ്പത്തിയുടെ പുറം കൊണ്ട് എന്റെ നെഞ്ചത്ത് ഒരു തട്ട് തട്ടിയിട്ട് പറഞ്ഞു, ‘അതൊക്കെ അങ്ങ് മാറിക്കോളം. ഒരു എട്ട് ബോട്ടിൽ വേണ്ടിവരും’. കൺസൾട്ടേഷൻ ഓവർ! അകത്ത് കയറിയതും ഇറങ്ങിയതും ഏതാണ്ട് ഒരു മിനിറ്റ് കൊണ്ട് കഴിഞ്ഞു. ഇത്രയം കുറച്ച് സമയം കൊണ്ട് രോഗം പരിശോധിച്ച് മരുന്ന് നിർദ്ദേശിക്കുന്ന ഒരു ഡോക്ടറെ ഞാൻ അതിന് മുൻപോ ശേഷമോ കണ്ടിട്ടില്ല. എന്തായും പങ്കജകസ്തൂരിയുടെ എട്ട് ബോട്ടിലുകൾ ഞാൻ മാസങ്ങളെടുത്ത് അകത്താക്കി. എന്റെ ആസ്ത്മ ഇക്കാര്യം അറിഞ്ഞ മട്ട് പോലും കാണിച്ചില്ല എന്നേയുള്ളൂ!

ഞാൻ പിന്നേം കുറേകാലം അസ്ത്മ കൊണ്ടുനടന്നു. ഇതിനിടെ അച്ഛൻ കടുത്ത യോഗാഫാൻ ആയി മാറി. പ്രാണായാമം ചെയ്താലേ ആസ്തമ പോകൂ എന്നുള്ള അച്ഛന്റെ ഉപദേശവും കുറേ ഫോളോ ചെയ്തു. കാര്യമായ ഒരു വ്യത്യാസവും ഉണ്ടായില്ല. ആസ്ത്മ ഇടക്കിടെ വന്നും പോയുമിരുന്നു. ശ്വാസതടസ്സം വരുമ്പോഴൊക്കെ തിയോ അസ്താലിൻ സിറപ്പിൽ അഭയം തേടി. ഈ രോഗത്തിന് ഞാൻ ആദ്യം കണ്ട ഡോക്ടർ കുറിച്ചുതന്ന മരുന്നാണ് അത്. പത്തിരുപത് പേരുടെ ചികിത്സയ്ക്ക് വിധേയനായശേഷവും എന്റെ ആശ്രയം അതായിരുന്നു എന്നത് ഇന്ന് ഞാൻ കൗതുകത്തോടെ ഓർക്കുന്നു.

ഒടുവിൽ എട്ടൊമ്പത് വർഷം മുൻപ് ആസ്ത്മ വല്ലാതങ്ങ് കലശലായി. ഞാനന്ന് ഗവേഷകവിദ്യാർത്ഥിയായി വീട്ടിൽ നിന്നും മാറി ഹോസ്റ്റൽവാസിയാണ്. അസുഖം കൊണ്ടുനടക്കാൻ കഴിയാത്ത അവസ്ഥ. ഒരു ദിവസം ഒരു ട്രെയിനിൽ ഓടിക്കേറാൻ ശ്രമിക്കവേ കിതപ്പ് കാരണം ഞാൻ സ്റ്റക്കായി നിന്നുപോയ അവസ്ഥ വന്നു. ഞാനാകെ പേടിച്ചുപോയി. വീട്ടിൽ പറഞ്ഞാൽ ഞാൻ പ്രാണായാമം കൃത്യമായി ചെയ്യത്തതാണ് കുഴപ്പം എന്ന് അച്ഛൻ പറയുമെന്ന് ഉറപ്പായിരുന്നത് കൊണ്ട് പറഞ്ഞില്ല. എന്റെ ഗവേഷണസ്ഥാപനത്തിന് അടുത്തുള്ള ഒരു തിരക്ക് കുറഞ്ഞ ഡോക്ടറെ പോയി കണ്ടു. ആള് വിശദമായി പരിശോധിച്ചു. കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഒരു ഇൻഹേലർ ചികിത്സ വേണ്ടിവരും എന്ന് പറഞ്ഞു. ഞാൻ കേട്ടപാടെ എതിർത്തു. പണ്ട് പരിശോധിച്ച ഹോമിയോ ഡോക്ടർ പ്രത്യേകം പറഞ്ഞിരുന്നു, ഇൻഹേലർ എടുത്താൽ പിന്നെ കഞ്ചാവ് പോലെ ജീവിതകാലം മുഴുവൻ എടുക്കേണ്ടിവരും എന്ന്. അതെന്റെ മനസിൽ പതിഞ്ഞ് കിടപ്പുണ്ട്. നാട്ടുകാരും പറയുന്നുണ്ട് ഇൻഹേലർ അവസാനത്തെ പ്രയോഗമാണ് എന്ന്. അതുകൊണ്ട് ഇൻഹേലർ വേണ്ട! ഗുളികയോ സിറപ്പോ മതി എന്ന് ഞാൻ കട്ടയ്ക്ക് പറഞ്ഞു. (ഓപ്പറേഷൻ വേണ്ട, എനിമ മതീന്ന് ജഗതി പറഞ്ഞതുപോലെ).

ആ ഡോക്ടർ എന്നെ സാവധാനം പറഞ്ഞ് മനസിലാക്കി. സിറപ്പ്, ഗുളിക എന്നിവ ആമാശയത്തിൽ പോയി, അവിടന്ന് പതിയെ ആഗിരണം ചെയ്യപ്പെട്ട്, രക്തം വഴി ഹൃദയത്തിലെത്തി, അവിടന്ന് ശ്വാസവ്യൂഹത്തിലെത്തി വേണം പ്രവർത്തിക്കാൻ. ഇൻഹേലറായാൽ മരുന്ന് നേരിട്ട് ശ്വാസവ്യൂഹത്തിലേക്കാണ് കൊടുക്കുന്നത്. സൈഡ് ഇഫക്റ്റിനുള്ള സാധ്യത അതിനനുസരിച്ച് കുറയും, പ്രവർത്തനത്തിന്റെ വേഗതയും കൂടും. ‘Inhaler is the safest treatment you can get!’ എന്ന് അദ്ദേഹം തറപ്പിച്ച് പറഞ്ഞു. ഞാൻ സയൻസ് പഠിച്ചതുകൊണ്ട് ആള് പറഞ്ഞ ന്യായം കൃത്യമായി മനസിലായി. ഇൻഹേലർ ഉപയോഗിച്ചു. ഒരാഴ്ച കൊണ്ട് ശ്വാസതടസ്സം പോയി. ഇൻഹേലർ ഉപയോഗം പിന്നെ നിർത്താനും സാധിച്ചു. ആ ഡോക്ടറിൽ നിന്ന് മറ്റൊരു കാര്യം കൂടി മനസിലായി. മൂക്കിന്റെ വളവോ ചായയോ കാപ്പിയോ ഒന്നുമല്ല എന്റെ വില്ലൻ. പൊടിയോട് എനിക്കുള്ള അലർജിയാണ്. വീട്ടിലും ഹോസ്റ്റലിലും, പൊടിതട്ടാതെ അടുക്കിവെച്ച പുസ്തകങ്ങളുടേയും പേപ്പർ കെട്ടുകളുടേയും ഇടയിൽ ഇരിപ്പും കിടപ്പും ശീലമാക്കിയതാണ് പ്രധാനപ്രശ്നം. അത് ഒഴിവാക്കുന്നതിന് പരിമിതിയുണ്ടായിരുന്നു എങ്കിലും കുറച്ചൊക്കെ ഞാൻ അഡ്ജസ്റ്റ് ചെയ്തു. ഇന്നും അശ്രദ്ധ കൊണ്ടും over-confidence കൊണ്ടുമൊക്കെ മൂക്ക് മറയ്ക്കാതെ പൊടിതട്ടൽ പോലുള്ള താന്തോന്നിത്തരം കാണിക്കുന്ന സ്വഭാവമാണ് എന്റേത്. അതുകൊണ്ട് വല്ലപ്പോഴുമൊക്കെ, അപൂർവമായി ശ്വാസതടസ്സം വരാറുണ്ട്. പക്ഷേ ഇൻഹേലറിന്റെ ഒരു പഫിൽ കാര്യം തീരും. ഒരുകണക്കിന് നോക്കിയാൽ ആ കോൺഫിഡൻസ് കാരണമാണ് ഞാൻ careless ആകുന്നതും.

പൊതുവേ ഹോമിയോപ്പതിയെ ശാസ്ത്രീയമായി വമിർശിച്ചാൽ, ഉടൻ തന്നെ അരിമ്പാറ മാറിയതും കുട്ടികളുണ്ടായതുമൊക്കെയായി അനുഭവകഥകളും കൊണ്ട് അതിനെ ഡിഫൻഡ് ചെയ്യാൻ വരുന്നവർ നമ്മളോട് സത്യം ‘അനുഭവിച്ചറിയാൻ’ ഉപദേശിക്കാറുണ്ട്. അതുകൊണ്ടാണ് സ്വന്തം അനുഭവം തന്നെ നിരത്തിയെഴുതിയത്. ഇതിൽ അക്കാദമിക് ഇന്ററസ്റ്റ് കൊണ്ട് പിന്നീട് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ട്. ഹോമിയോമരുന്ന് കഴിച്ച് പണി കിട്ടിയ, ‘ഔട്ടോഫ് സിലബസ്’ അനുഭവങ്ങൾ ഒരുപാട് നേരിട്ടറിയാം. പക്ഷേ അത് സപ്പോർട്ട് ചെയ്യാനെന്നപോലെ, എതിർക്കാനും ഉപയോഗിക്കാവുന്ന തെളിവുകളല്ല. അതുകൊണ്ട് അനുഭവകഥ നിർത്തി ഞാൻ മനസിലാക്കിയ കാര്യത്തിലേയ്ക്ക് വരാം.

സിറപ്പ്, ഗുളിക, ഇൻഹേലർ എന്നിവയെ താരതമ്യം ചെയ്ത് ആ ഡോക്ടർ പറഞ്ഞുതന്ന കാര്യം എന്നെ സംബന്ധിച്ച് ഒരു പുതിയ വാതിൽ തുറക്കലായിരുന്നു. ഒരു മരുന്ന് എങ്ങനെ ശരീരത്തിൽ പ്രവർത്തിക്കുന്നു എന്നൊരു ചിന്ത അതിന് മുൻപ് എനിക്ക് വന്നിട്ടേയില്ല. ഇന്റർനെറ്റിൽ പരതി കിട്ടിയ വിവരങ്ങൾ പഠിച്ചു. കുറേ വായിച്ചു. പ്ലസ് ടൂവിന് പഠിച്ച ബയോളജിയും കെമിസ്ട്രിയുമൊക്കെ വെച്ച് ഒരുവിധം മനസിലാക്കാവുന്നതേയുണ്ടായിരുന്നു അതെല്ലാം. അക്കൂട്ടത്തിലാണ് ഞാൻ ഹോമിയോപ്പതിയെക്കുറിച്ച് വായിച്ചത്. ആദ്യമൊന്നും തീരെ വിശ്വാസം വന്നില്ല. ഇത്രയും വലിയൊരു മണ്ടത്തരത്തിനാണോ ഞാൻ പല തവണ കൊണ്ട് തല വെച്ചത് എന്നോർത്തപ്പോൾ അത്ഭുതം തോന്നി. ഹോമിയോപ്പതി പഠിപ്പിക്കുന്ന ഹോമിയോക്കാരുടെ വെബ്സൈറ്റുകളിൽ പോയി. ഹാനിമാൻ എഴുതിയ ഓർഗനോൺ പുസ്തകത്തെപ്പറ്റി വായിച്ചു. കുറേ ഹോമിയോ ഡിബേറ്റുകൾ കണ്ടു. സാമാന്യബോധമുള്ളവനെ കളിയാക്കുന്ന, മന്ത്രവാദത്തെ തോല്പിക്കുന്ന ഹോമിയോ സിദ്ധാന്തങ്ങൾ! മണ്ടത്തരത്തിന് മേൽ മണ്ടത്തരം വിളമ്പുന്ന ഹോമിയോ വാദങ്ങൾ! എന്നിട്ടും നമ്മുടെ നാട്ടിൽ ഹീറോ പരിവേഷത്തോടെ, പഞ്ചസാരമുട്ടായി കൊണ്ട് ജലദോഷം മുതൽ സ്വഭാവദൂഷ്യം വരെ ചികിത്സിക്കുന്ന ഹോമിയോപ്പതി വാണരുളുന്നു. ഇവിടെ തട്ടിപ്പുകൾക്കാണ് പൊതുവിൽ ഡിമാൻഡ് കൂടുതൽ എന്നതുകൊണ്ട് അതിൽ അത്ഭുതമൊന്നുമില്ല. എന്തായാലും ഇതിനെപ്പറ്റി അറിയാൻ ആഗ്രഹിക്കുന്നവർക്കായി, ഹോമിയോപ്പതിയെപ്പറ്റി മുൻപ് എഴുതിയിട്ടുള്ള ലേഖനങ്ങളുടെ ലിങ്കുകൾ താഴെ നിരത്തുന്നു.

ഹോമിയോസിദ്ധാന്തങ്ങളിലെ മണ്ടത്തരം ചൂണ്ടിക്കാണിക്കുന്നത്:

  1. https://www.facebook.com/vaisakhan.thampi/posts/10206797192876125
  2. https://youtu.be/oLdJ2SnnakQ
  3. https://www.facebook.com/vaisakhan.thampi/posts/10216830127533221

ഹോമിയോ മരുന്നിൽ നാനോകണങ്ങൾ കണ്ടെത്തി എന്ന ഗുണ്ട് വാദത്തെ പൊളിച്ചടുക്കിയത്:

  1. https://www.facebook.com/vaisakhan.thampi/posts/10204250059839391

ടി ലേഖനങ്ങൾക്ക് കീഴിൽ മറ്റുള്ളവർ കമന്റ് ചെയ്ത സംശയങ്ങൾക്കും ആരോപണങ്ങൾക്കുമുള്ള വിശദമായ മറുപടി:

  1. shorturl.at/twJVY

സ്ഥിരം പറയുന്ന ഒരു കാര്യം ആവർത്തിക്കാം. നിങ്ങൾ ഏത് ചികിത്സ തേടിപ്പോയാലും എനിക്കൊന്നുമില്ല. പലപ്പോഴും എന്റെ അടുത്ത ബന്ധുക്കളെപ്പോലും പറഞ്ഞ് ബോധ്യപ്പെടുത്തുന്നതിൽ ഞാൻ പരാജയപ്പെട്ടിട്ടുണ്ട്. അല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇപ്പോഴും എന്റെ അച്ഛൻ ജീവനോടെ ഇരുന്നേനെ. ഒരാൾക്കെങ്കിലും കാര്യങ്ങളുടെ കിടപ്പ് ബോധ്യമായാൽ അതൊരു വലിയ നേട്ടമായി ഞാൻ കണക്കാക്കും. നിങ്ങളുടെ വിധി നിങ്ങളുടെ തീരുമാനങ്ങളാണല്ലോ.

– Dr. Vaisakhan Thampi

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.