പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് – പോളണ്ടിന് സംഭവിച്ചതെന്ത്.

ശ്രീനിവാസന്‍ തിരക്കഥയെഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘സന്ദേശം’ 1991 -ലാണ് പുറത്തിറങ്ങിയത്. ഫലിതത്തില്‍ പൊതിഞ്ഞ രാഷ്ട്രീയ വിമര്‍ശനം ആവോളമുള്ള സന്ദേശത്തിലെ തമാശകള്‍ കണ്ട് എല്ലാം മറന്നു ചിരിച്ചവരാണ് മലയാളികള്‍. അരാഷ്ട്രീയവാദത്തിന്റെ അപകടകരമായ സന്ദേശത്തെ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിച്ചിട്ടും, കക്ഷിരാഷ്ട്രീയത്തിനതീതമായി ഈ ചിത്രം പ്രേക്ഷകര്‍ ഏറ്റുവാങ്ങി. കേരള രാഷ്ട്രീയത്തിലെ ഇരുപക്ഷത്തെയും കളിയാക്കുന്ന സന്ദേശം – സത്യന്‍ അന്തിക്കാടിന്റെ 29-ാമത്തെ സിനിമയായിരുന്നു.

സിനിമ പുറത്തിറങ്ങി 22 വര്‍ഷം പിന്നിടുമ്പോഴും കോമഡിഷോകളിലും ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയയിലെ രാഷ്ട്രീയ തര്‍ക്കങ്ങളിലുമൊക്കെ അറ്റകൈയ്ക്ക് “പോളണ്ടിനെപ്പറ്റി ഒരക്ഷം മിണ്ടരുത്” -എന്ന് തമാശിക്കുന്നവര്‍ ഒട്ടും കുറവല്ല. നേതാവിനൊപ്പം വീട്ടിലെത്തിയവര്‍ ചില്ലറ നാണയത്തുട്ടുകള്‍ ഇട്ടുവെച്ച കുടുക്ക വരെ കട്ടുകൊണ്ടുപോയതുള്‍പ്പെടെയുള്ള സന്ദേശത്തിലെ വലതുപക്ഷ വിരുദ്ധ തമാശകള്‍, പക്ഷേ ആരും ഓര്‍ക്കുന്നതേയില്ല.

പോളണ്ടിന് എന്താണ് സംഭവിച്ചത് ?

ബാള്‍ട്ടിക് കടലിനെ ചാരി, ജര്‍മ്മനിയും ഉക്രെയ്‌നും ചെക്ക് റിപ്പബ്ലിക്കുമൊക്കെ അതിര്‍ത്തി പങ്കുവെക്കുന്ന ഈ മധ്യ യൂറോപ്യന്‍ രാജ്യത്ത് എന്ത് “അതിഭയങ്കര സംഭവമാണ്‘ ഉണ്ടായതെന്നല്ലേ.

രണ്ടാം ലോകമഹായുദ്ധാനന്തരം ഒരു സോഷ്യലിസ്റ്റ് രാജ്യമായി മാറിയ പോളണ്ടിനെ ദീര്‍ഘകാലം കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് നയിച്ചത്. എണ്‍പതുകളുടെ ഒടുവില്‍ കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ് തിരിച്ചടികളുടെ കാലത്ത് സോഷ്യലിസ്റ്റ് ഭരണം തകര്‍ന്ന രാജ്യവുമാണ് പോളണ്ട്. പല കാരണങ്ങളാല്‍ ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട അസംതൃപ്തിയെ മുതലാക്കാന്‍ പോളണ്ടിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ ട്രേഡ് യൂണിയനായ “സോളിഡാരിറ്റി‘ക്ക് സാധിച്ചു. 1980 ആഗസ്റ്റ് 31-ന് ഗ്ഡാന്‍സ്‌ക തുറമുഖത്ത് രൂപംകൊണ്ട സോളിഡാരിറ്റിയുടെ നേതൃത്വം ലെക് വലേസ എന്ന തുറമുഖത്തെ ഒരു ഇലക്ട്രീഷ്യനായിരുന്നു. ലെക് വലേസയുടെ സോളിഡാരിറ്റിയെ പോളണ്ടിലെ സോഷ്യലിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നല്ലൊരു ആയുധമായി ലോകമുതലാളിത്തം കണ്ടു. സോഷ്യലിസം ചതുര്‍ത്ഥിയായ ലോകശക്തികളെല്ലാം ലെക് വലേസയെ സഹായങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടിച്ചു. വലേസയ്ക്ക് ഇക്കാലത്ത് അമേരിക്ക നല്‍കിയത് അമ്പത് ലക്ഷം മില്യണ്‍ ഡോളറായിരുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ ശക്തമായ പിന്തുണയും അദ്ദേഹത്തെ തേടിയെത്തി. സോളിഡാരിറ്റി രൂപീകരിച്ച് ഒരു വര്‍ഷമാകുമ്പോഴേക്ക് ടൈം മാഗസിന്‍ വലേസയെ “മാന്‍ ഓഫ് ദി ഇയര്‍‘ ആയി തിരഞ്ഞെടുത്തു. 1983ല്‍ സ്വീഡിഷ് അക്കാദമി വലേസയ്ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കിക്കൊണ്ട് ലോകത്തെ ഞെട്ടിച്ചു. 1989ല്‍ അമേരിക്കന്‍ സ്വാതന്ത്ര്യ പുരസ്‌കാരം ഏറ്റുവാങ്ങിയ വലേസയ്ക്ക് യു.എസ്. കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാനും അവസരം ലഭിച്ചു.

അണമുറിയാത്ത നദീജലപ്രവാഹമെന്നപോലെ ഒഴുകിയെത്തിയ അമേരിക്കന്‍ ഡോളറിന്റെ സ്വാധീനവും ജോണ്‍പോള്‍ മാര്‍പ്പാപ്പയുടെയും പള്ളിയുടെയും ശക്തമായ പിന്തുണയും സ്വീഡിഷ് അക്കാദമി മുതല്‍ ടൈം മാഗസിന്‍ വരെയുള്ളവരുടെ പുരസ്‌കാരമഴയും ലെക് വലേസയെ അമാനുഷപദവിയിലേക്കുയര്‍ത്തി. ജനങ്ങള്‍ക്ക് പുതിയ വ്യാമോഹങ്ങള്‍ നല്‍കുന്നതില്‍ സോളിഡാരിറ്റി വിജയിച്ചു. വളരെ പെട്ടെന്ന് സോളിഡാരിറ്റിയുടെ അംഗസംഖ്യ 9.5 മില്യന്‍ ആയി ഉയര്‍ന്നു. വലേസയ്ക്ക് പോളണ്ടിനെ നയിക്കാനൊരവസരം കിട്ടിയാല്‍ ബാള്‍ട്ടിക് തീരത്ത് പുതിയ സ്വര്‍ഗ്ഗം പിറക്കുമെന്ന പ്രചരണം ലോകമാകെ അലയടിച്ചുയര്‍ന്നു. അങ്ങനെയാണ് 1990 ഡിസംബര്‍ 22ന് പോളണ്ടിന്റെ പ്രസിഡണ്ടായി ലെക് വലേസ എന്ന 47കാരന്‍ തിരഞ്ഞെടുക്കപ്പെട്ടത്. പതിറ്റാണ്ടുകള്‍ നീണ്ട സോഷ്യലിസ്റ്റ് ഭരണത്തിന് അന്ത്യംകുറിച്ചുകൊണ്ട് ലെക് വലേസയും സോളിഡാരിറ്റിയും പോളണ്ടില്‍ വെന്നിക്കൊടി പാറിച്ചപ്പോള്‍ അത് ലോകമെമ്പാടുമുള്ള മുതലാളിത്തശക്തികള്‍ക്ക് ആഘോഷമായിരുന്നു. കമ്മ്യൂണിസ്റ്റ് വിരുദ്ധ ലോകത്തിന്റെ മാനസപുത്രനായി മാറിയ ലെക് വലേസയെ പോളണ്ടിന്റെ വിമോചകനായി ലോകം വാഴ്ത്തി.
1990 ഡിസംബര്‍ 22ന് പോളിഷ് പ്രസിഡണ്ടായി വലേസ തിരഞ്ഞെടുക്കപ്പെട്ട് മാസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ സ്വാഭാവികമായും കടന്നുവന്ന ഡയലോഗായിരുന്നു ““പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുതെ“ന്നത്. സന്ദേശം പോലൊരു സിനിമയില്‍ അന്ന് അങ്ങനെയൊരു സംഭാഷണം തികച്ചും സ്വാഭാവികമാണ്. എന്നാല്‍ സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കപ്പെടുന്ന ആ ഡയലോഗിന് ഇന്നെന്തു പ്രസക്തിയാണുള്ളത്?

പോളണ്ടിനെചൊല്ലിയുള്ള കമ്മ്യൂണിസ്റ്റ് വിരുദ്ധ ആഘോഷങ്ങള്‍ക്ക് അധികം ആയുസുണ്ടായില്ല. 1990 എന്ന വര്‍ഷത്തില്‍ പോളണ്ട് നിശ്ചലമായി നിന്നുപോയതുമില്ല. വളരെ വേഗത്തില്‍ ലെക് വലേസ തുറന്നുകാണിക്കപ്പെട്ടു. സോളിഡാരിറ്റിയുടെ പൊള്ളയായ മുദ്രാവാക്യങ്ങള്‍ കാറ്റൊഴിഞ്ഞ ബലൂണ്‍ പോലെയായി. പോളിഷ് ജനത വലേസയെയും സോളിഡാരിറ്റിയെയും തള്ളിപ്പറഞ്ഞു. സോഷ്യലിസം പോയാല്‍ വരുന്നത് വസന്തമല്ലെന്ന് തിരിച്ചറിയാന്‍ മാള്‍ഡോവിയയിലെയും, മംഗോളിയയിലെയും, ലിത്വാനിയയിലെയും അസര്‍ബൈജാനിലെയും പോലെ പോളണ്ടിലെയും ജനങ്ങള്‍ക്ക് മാസങ്ങള്‍ മാത്രമേ വേണ്ടിവന്നുള്ളൂ.

വന്‍ വ്യാമോഹങ്ങള്‍ വാരി വിതറി പോളണ്ടിന്റെ പ്രസിഡണ്ടായ ലെക് വലേസ അഞ്ചുവര്‍ഷത്തെ തന്റെ ഭരണകാലാവധി കഴിഞ്ഞ് വീണ്ടും തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ അമേരിക്കന്‍ ഡോളറിനും മാര്‍പ്പാപ്പയ്ക്കും പക്ഷേ അദ്ദേഹത്തെ രക്ഷിക്കാനായില്ല. കൈനീട്ടി വാങ്ങിയ പുരസ്‌കാരങ്ങളുടെ നീണ്ട പട്ടികയില്‍ ജനങ്ങള്‍ക്ക് ഒരു താല്‍പര്യവുമുണ്ടായില്ല. 1995ലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ പരാജിതനായ വലേസ നിരാശാഭരിതനായി ഗ്ഡാന്‍സ്‌ക തുറമുഖത്തേക്ക് മടങ്ങി.

വലേസയെ തോല്‍പ്പിച്ചുകൊണ്ട് പോളിഷ് ജനതയുടെ അംഗീകാരത്തോടെ പോളണ്ടിന്റെ പുതിയ പ്രസിഡണ്ടായി യുവ കമ്മ്യൂണിസ്റ്റ് നേതാവായ അലക്‌സാണ്ടര്‍ ക്വാസിനിയേവ്‌സ്‌കി തിരഞ്ഞെടുക്കപ്പെട്ട വിവരം നമ്മുടെ നാട്ടില്‍ പലരും അറിഞ്ഞില്ല. അറിഞ്ഞിട്ടും അറിഞ്ഞില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവജനവിഭാഗത്തിന്റെ നേതാവായിരുന്ന ക്വാസിനിയേവ്‌സ്‌കി മുമ്പ് കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവും യൂണിവേഴ്‌സിറ്റി കൗണ്‍സില്‍ ചെയര്‍മാനുമായിരുന്നു. അഞ്ചുവര്‍ഷത്തെ കാലാവധിക്കുശേഷം 2000ല്‍ നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ ക്വാസിനിയേവ്‌സ്‌കി വീണ്ടും തിരഞ്ഞെടുക്കപ്പെടുകയാണുണ്ടായത്.
ഇനി സോളിഡാരിറ്റിക്കും വലേസയ്ക്കുമെന്തു സംഭവിച്ചുവെന്നുകൂടി നോക്കാം. സന്ദേശം സിനിമയില്‍ പറഞ്ഞതുപോലെ “കുതിച്ചുകയറിയ‘ സോളിഡാരിറ്റി പക്ഷേ പിന്നീട് തലകുത്തി താഴെ വീണു. സോളിഡാരിറ്റിയില്‍നിന്നും തൊണ്ണൂറു ശതമാനത്തിലധികം മെമ്പര്‍മാരും പിരിഞ്ഞുപോയി. എവിടെയും അഭയം കിട്ടാതെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് സോളിഡാരിറ്റി ദയനീയമായി പതിച്ചു. 2006ല്‍ സ്ഥാപകനായ ലെക് വലേസ തന്നെ സോളിഡാരിറ്റിയില്‍നിന്നും രാജിവെച്ച് പുറത്തുപോയി. പിതാവ് ഉപേക്ഷിച്ച കുട്ടിയെപ്പോലെ സോളിഡാരിറ്റി സംഘടനകളുടെ ചരിത്രത്തിലെ വികൃതജന്മമായി അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുന്നു.

ലെക് വലേസയോ? അദ്ദേഹം പിന്നീട് മറ്റൊരു പാര്‍ട്ടി രൂപീകരിച്ചു. ക്രിസ്ത്യന്‍ ഡെമോക്രസി എന്ന പേരില്‍. പ്രസിഡണ്ട് ഇലക്ഷനില്‍ മത്സരിച്ച് ഒരു ശതമാനം വോട്ടു നേടിക്കൊണ്ട് “പോളണ്ടിന്റെ വിമോചകന്‍‘ 99 ശതമാനത്തെയും എങ്ങനെ എതിരാക്കി മാറ്റാം എന്ന് ലോകത്തെ പഠിപ്പിച്ചു.

അവസാനം ആളും ആരവവുമില്ലാതെ, തിരിഞ്ഞുനോക്കാനാരുമില്ലാതെ എഴുത്തും വായനയുമായി കഴിയുന്ന ലെക് വലേസ രണ്ടുവര്‍ഷം മുമ്പൊരു ലേഖനത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ പട്ടിണിക്കും പിന്നോക്കാവസ്ഥയ്ക്കുമുള്ള അടിയന്തര പരിഹാരം കമ്മ്യൂണിസമാണെന്ന് അഭിപ്രായപ്പെടുകയുണ്ടായി. ഇക്കഴിഞ്ഞ വര്‍ഷം ഒക്കുപ്പൈ വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തെ പിന്തുണയ്ക്കാനും അദ്ദേഹം തയ്യാറായി. അങ്ങനെ ഒടുവില്‍ വലേസയ്ക്കും കാര്യം മനസ്സിലായി. എന്നിട്ടും ചിലരിപ്പോഴും ““പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുതെന്ന്“ പറഞ്ഞു കുലുങ്ങിച്ചിരിക്കുന്നുണ്ടെങ്കില്‍ അവരൊക്കെ ഇനിയെങ്കിലും പോളണ്ടിനെപ്പറ്റി ഒരക്ഷരമെങ്കിലും മനസ്സിലാക്കിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാനേ നമുക്ക് സാധിക്കൂ.

-സഖാവ്. എം സ്വരാജ് –
കടപ്പാട്. സഖാവ് ക്രിസ്റ്റഫർ വാടി…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.